ഓൺലൈൻ ഗെയിം ‘ബ്ലൂവെയിൽ’ മാതൃകയിൽ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു; റിപ്പോർട്ട്

കൊച്ചി: ഓൺലൈൻ ഗെയിമായ ‘ബ്ലൂവെയിൽ’ മാതൃകയിൽ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തൽ. വിവിധ ടാസ്‌കുകൾ നൽകി ഒടുവിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓൺലൈൻ ഗെയിമാണിത്. ഈ ഗെയിമിന്റെ മാതൃകയിൽ നൽകുന്ന ഭീകരപ്രവർത്തനത്തിനുള്ള ടാസ്‌കുകൾ പൂർത്തിയാക്കുന്നവരെ വിധ്വംസക ആശയ പ്രചാരണത്തിനും ചാവേറായും നിയോഗിക്കുന്നതാണ് പുതിയ രീതിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യൂ ട്യൂബ്, ടെലിഗ്രാം ചാനലുകൾ വഴിയാണ് ഇതിന്റെ പ്രവർത്തനം.

തീവ്രവാദ ആശയങ്ങൾ പൊതു സ്ഥലങ്ങളിൽ എഴുതുകയോ, അടയാളമോ ചിത്രമോ ആയി രേഖപ്പെടുത്തുകയോ ചെയ്യലാണ് ആദ്യ ടാസ്‌കെന്ന് കണ്ടെത്തി. ഇതിന്റെ ഫോട്ടോ സംഘത്തിന് അയയ്ക്കണം. തുടർന്ന് അടുത്ത ടാസ്‌ക് എത്തുമെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി വിശ്വസ്തനാണെന്നു ബോദ്ധ്യപ്പെട്ടാൽ റിക്രൂട്ടിംഗ് പൂർത്തിയാകുമെന്നും ഇദ്ദേഹം പറഞ്ഞുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്തിടെ രാജ്യദ്രോഹ കേസുകളിൽ അറസ്റ്റിലായ പ്രതികൾ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചതെന്നാണ് വിവരം. തുടർന്ന് ഇത്തരം നിരവധി ചാനലുകൾ തീവ്രവാദ വിരുദ്ധ സേന പൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.