ഉപയോഗിക്കാത്ത പഴയ കോച്ചുകൾ റസ്റ്റോറന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഉപയോഗിക്കാത്ത പഴയ കോച്ചുകൾ റസ്റ്റോറന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ. കത്ര, ജമ്മു റെയിൽവേ സ്റ്റേഷനുകളിലുള്ള ഉപയോഗിക്കാത്ത രണ്ട് പഴയ കോച്ചുകൾ റസ്‌റ്റോറന്റുകളാക്കി മാറ്റാനാണ് റെയിൽവേയുടെ തീരുമാനം. ‘ബ്യൂട്ടിഫുൾ റെസ്റ്റോറന്റ്‌സ് ഓൺ വീൽസ്’ എന്ന പേരിൽ ആണ് റെയിൽവേയുടെ പുതിയ സംരംഭം. പഴയ ട്രെയിൻ കോച്ചുകൾ പുതുക്കിപ്പണിത് റെയിൽ കോച്ച് റെസ്റ്റോറന്റുകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.

ജമ്മുവിലും കത്രയിലും രണ്ട് റെയിൽ കോച്ച് റെസ്റ്റോറന്റുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ജമ്മുവിലെ ഡിവിഷണൽ ട്രാൻസ്പോർട്ടേഷൻ മാനേജർ പ്രതീക് ശ്രീവാസ്തവ വ്യക്തമാക്കിയത്. പഴയ കോച്ചുകൾ റെയിൽ- കോച്ച് റെസ്റ്റോറന്റുകളാക്കി മാറ്റുന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയാണ് ഇത്. രണ്ട് കക്ഷികൾക്ക് ഇതിന്റെ കരാറുകൾ നൽകി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എസി റസ്റ്റോറന്റുകളാണ് നിർമ്മിക്കുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപ ഇവയിൽ നിന്നും പ്രതിവർഷം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,600 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഓരോന്നും സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നപൂർണ, മാ ദുർഗ എന്നിങ്ങനെയാണ് നിർമ്മാണത്തിൽ ഇരിക്കുന്ന ഈ കോച്ച് റെസ്റ്റോറന്റുകൾക്ക് പേരിട്ടിരിക്കുന്നത്. ഒരു കോച്ചിനെ പൂർണ്ണമായും പ്രവർത്തനക്ഷമമായ റെസ്റ്റോറന്റാക്കി മാറ്റാൻ 90 ദിവസമെടുക്കും. ജബൽപൂർ, ഭോപ്പാൽ, ലഖ്നൗ, വാരണാസി തുടങ്ങിയ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ ഇത് ഇതിനകം തന്നെ പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം വിശദീകരിച്ചു.