തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് കത്ത് നൽകി സംസ്ഥാന സർക്കാർ. വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷന്റെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജനതാല്പര്യാർത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിർദ്ദേശമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യുഡിഎഫ് കാലത്തെ കരാർ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്നായിരുന്നു തീരുമാനം.
അതേസമയം, യുഡിഎഫ് കാലത്തെ വൈദ്യുത കരാർ റദ്ദാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള അഴിമതിയുണ്ടെന്ന് നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം.ഇടത് സർക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണ് കരാർ റദ്ദാക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

