കൊച്ചി: സിനിമാ നിരൂപണങ്ങളുടെ മറവിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. സിനിമകളെ നശിപ്പിക്കുന്ന റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് നിലപാടെന്ന് കോടതി അറിയിച്ചു.
സിനിമാ വ്യവസായത്തെ തകർക്കരുതെന്ന് കോടതി വ്യക്തമാക്കി. ഒരു മൊബൈലുണ്ടെങ്കിൽ എന്തുമാകാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. സിനിമകളെ തകർക്കുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകനാണ് മുബീൻ റൗഫ്.
ആരോഗ്യകരമായ നിരൂപണത്തിന് തടസമില്ല. റിവ്യൂവിലൂടെ സിനിമാപ്രവർത്തകരെ ബ്‌ളാക്ക് മെയിൽ ചെയ്യുന്ന വ്‌ളോഗർമാരാണ് ഉത്തരവിനെ ഭയക്കേണ്ടത്. സിനിമാക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ചില വ്‌ളോഗർമാർ ശ്രമിക്കുന്നുണ്ട്. പണം കൊടുത്തില്ലെങ്കിൽ മോശം റിവ്യൂ നൽകി സിനിമ പരാജയപ്പെടുത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

