ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രിംകോടതി ഉടൻ പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 12ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ശബരിമല യുവതി പ്രവേശന വിഷയം ഉൾപ്പെട്ടിട്ടില്ല. 2018 സെപ്തംബർ 28നാണ് ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന നാല് കേസുകൾ മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴംഗ ബെഞ്ച് പരിഗണിക്കുന്ന ആറ് കേസുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ ഹർജികൾ, യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്‌സ് അസോസിയേഷൻ, 2006ൽ നൽകിയ ഹർജി, വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ തുടങ്ങിയവയാണ് കോടതി പരിഗണിക്കുന്ന വിഷയങ്ങൾ.

