ന്യൂഡൽഹി: ഇസ്രയേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇസ്രയേൽ പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് അവസാനിപ്പിക്കണമെന്ന് യെച്ചൂരി പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലും പാലസ്തീനും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. പലസ്തീനികൾക്കെതിരെ ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎൻ നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇസ്രയേലും പലസ്തീനും തമ്മിൽ യുദ്ധം ആരംഭിച്ചത്.

