രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി കേന്ദ്രം ആക്രമിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി കേന്ദ്രം ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആപത്താണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തുടർഭരണം പ്രയാസമാണെന്ന് ബിജെപിയും തിരിച്ചറിഞ്ഞു തുടങ്ങി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാൻ ആകില്ല. കേരളത്തിൽ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചിലവഴിച്ചാലും കേരളത്തിൽ ബിജെപി നിലംതൊടില്ല. ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ല. കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം അറിയിച്ചു. എൽഡിഎഫിന്റെ കുടുംബസംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആർഎസ്എസിന്റെ ലക്ഷ്യം മത രാഷ്ട്രം സ്ഥാപിക്കുകയാണ്. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശഹത്യ ഉൾപ്പടെ ഇനിയും നടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവർക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.