ന്യൂഡൽഹി: അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ ഉദ്ഗമിൽ 30 ബാങ്കുകളെ ചേർത്തു. ഒന്നിലധികം ബാങ്കുകളിലുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഒരിടത്ത് ലഭ്യമാക്കാനാണ് പൊതുജനങ്ങൾക്കായി സെൻട്രൽ ബാങ്ക് ഉദ്ഗം പോർട്ടൽ ആരംഭിച്ചത്. ഇത്തരത്തിൽ അവകാശികളില്ലാത്ത 90 ശതമാനം നിക്ഷേപങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചതായി ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഒക്ടോബർ 15 മുതൽ ശേഷിക്കുന്ന ബാങ്കുകളെക്കൂടി ഘട്ടംഘട്ടമായി പോർട്ടലിൽ ചേർക്കും. ആർബിഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് ബാങ്കുകളെ മാത്രമാണ് ആദ്യം പോർട്ടലിൽ ചേർത്തിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റിബാങ്ക് എന്നീ ബാങ്കുകളിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമായിരുന്നത്.
കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്. ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, UCO യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക്, ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, എച്ച്എസ്ബിസി ലിമിറ്റഡ്, കർണാടക ബാങ്ക് ലിമിറ്റഡ്, കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡ്, സരസ്വത് സഹകരണ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്, തമിഴ്‌നാട് മെർസന്റൈൽ ബാങ്ക് ലിമിറ്റഡ് തുടങ്ങിയവയാണ് പോർട്ടലിൽ ചേർക്കപ്പെട്ട മറ്റ് ബാങ്കുകൾ.
എങ്ങനെയാണ് ഉദ്ഗം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതെന്ന് നോക്കാം:
ആദ്യം udgam.rbi.org.in എന്ന സൈറ്റിൽ പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്യുക. തുടർന്ന് ലോഗിൻ ചെയ്യുക. ഹോം പേജിൽ ‘Individual’ എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ, ‘All’ ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തും സേർച് ചെയ്യാം. Non-Individual ഓപ്ഷൻ വഴി സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ തിരയാം.
താഴെ പാൻ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ജനനത്തീയതി തുടങ്ങി ഏതെങ്കിലുമൊരു വിവരവും നൽകണം. ഒന്നിലേറേ വിവരങ്ങൾ നൽകിയാൽ സേർച് കൂടുതൽ കാര്യക്ഷമമാകും. ‘Show additional search criteria’ വഴി ആവശ്യമെങ്കിൽ വിലാസവും സംസ്ഥാനവും നൽകാം. നിക്ഷേപം കണ്ടെത്തിയാൽ അവകാശിയെന്ന നിലയിൽ അത് ക്ലെയിം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാം.

