കശ്മീരിലെ വിദ്യാർഥികളെ സഹായിക്കുന്നതിന് സ്‌കോളർഷിപ്പ് സ്‌കീം; പ്രഖ്യാപനവുമായി സൈന്യം

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ സ്‌കോളർഷിപ്പ് സ്‌കീം പ്രഖ്യാപിച്ച് കരസേന. ജമ്മു കശ്മീരിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് സ്പെഷ്യൽ സ്‌കോളർഷിപ്പ് സ്‌കീം പ്രഖ്യാപിച്ചത്. ‘സദ്ഭാവന’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ള 146 വിദ്യാർഥികൾക്ക് പദ്ധതി പ്രയോജനപ്രദമാകും. 1.2 ലക്ഷം രൂപ വീതമാണ് ഓരോ വിദ്യാർഥിക്കും സ്‌കോളർഷിപ്പായി ലഭിക്കുക. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനപ്പെടുത്തി കുപ്വാര ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 34 വിദ്യാർഥികൾക്ക് കരസേന ഇതിനോടകം യാത്രയയപ്പ് നൽകി. ഈ വിദ്യാർഥികളുടെ ബാക്കി വിദ്യാഭ്യാസച്ചെലവ് അതാത് സർവകലാശാലകളായിരിക്കും വഹിക്കുക.

12 സർവകലാശാലകൾ ഈ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസം ഏറ്റെടുക്കുന്നതിനായി സഹകരിച്ചിട്ടുണ്ട്.