2025 നവംബറില്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

കൊച്ചി: പൂർണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസ് കൺവൻഷൻ സെന്ററിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിച്ച പദ്ധതികളിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് അവലോകനയോഗത്തിനു ശേഷം വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യനീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഈ നേട്ടം കൂടുതൽ മെച്ചപ്പെടുത്താനാണ് മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികൾക്ക് നല്ല രീതിയിൽ കേരളം കണ്ട് മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കണം. സമയബന്ധിതമായി ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. വിദ്യാഭ്യാസം, ആരോഗ്യം, ഹരിത കേരളം മിഷൻ എന്നിവയിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മനസോടിത്തിരി മണ്ണ് ക്യാംപയ്ൻ കൂടുതൽ സജീവമാക്കണം. ജനങ്ങൾ സ്വമനസാലേ തരുന്ന മണ്ണ് ആണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന് കൂടുതൽ പേരെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകണം ഇതു നിർവഹിക്കേണ്ടത്. ഇതുവഴി കുറച്ചുകൂടി ഭൂമി ലഭ്യമാക്കണം. ഭൂമി ഇല്ലാത്തതുകൊണ്ട് വീട് നിർമ്മിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ലഭിക്കുന്ന ഭൂമിയിൽ വീടുകൾ നിർമ്മിച്ച് നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൈപ്പ് വെള്ളം എല്ലാ വീടുകളിലുമെത്തിക്കുന്ന ജലജീവൻ മിഷനിലൂടെ വലിയ മാറ്റമാണ് നാട്ടിലുണ്ടാകാൻ പോകുന്നത്. ഇത് വേഗത്തിൽ പൂർണതയിലെത്തിക്കാൻ നടപടി സ്വീകരിക്കണം. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു. യോഗത്തിൽ ചർച്ച ചെയ്ത പദ്ധതികൾക്ക് പുറമേ സർക്കാർ നടപ്പാക്കുന്ന മറ്റു പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. പുതിയ ഭരണ സംസ്‌കാരം ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണരംഗവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്ക് നല്ല സംതൃപ്തി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. ഇത് കൂടി ഉൾപ്പെട്ടതാണ് നവകേരളം. ജില്ലകളിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണം. ഇതിനാവശ്യമായ ഇടപെടൽ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി.പ്രസാദ്, പി.രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.