ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുത്; ഹൈക്കോടതി

കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. ഇത് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് കോടതി വ്യക്തമാക്കി.

ഇത്തരക്കാർ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്ന് കോടതി വ്യക്തമാക്കി. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. വധശ്രക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.

തിരഞ്ഞെടുപ്പിലൂടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നു. നിയമനിർമാണസഭകളിൽ പോലും ക്രിമിനൽ ആക്ടുകൾ നടക്കുന്നുവെന്നും കോടതി അറിയിച്ചു. മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് മുഹമ്മദ് ഫൈസലിനെതിരെയുള്ള കേസ്. 2009 ഏപ്രിൽ 16-ന് ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം നടന്നത്.

കേസിൽ രണ്ടാം പ്രതിയാണ് എൻസിപി നേതാവായ മുഹമ്മദ് ഫൈസൽ.