കണ്ണൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് എൻഫോഴ്‌സ്‌മെന്റെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. സിബിഐയേയും എൻഫോഴ്‌സ്‌മെന്റിനെയും മറ്റ് ആളുകളെയും ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെയും പാർട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമം. പാർട്ടി നേതാക്കന്മാരെ കൽതുറുങ്കിലടയ്ക്കാൻ ബോധപൂർവമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

