2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായുള്ള സമയപരിധി ഇന്ന് അവസാനിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. 2000 രൂപയുടെ നോട്ടിന് ഒക്ടോബർ 1 മുതൽ മൂല്യം നഷ്ടമാകും. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരമൊരുക്കിയിരുന്നു.

മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകുമെനന്ായിരുന്നു ആർബിഐ അറിയിച്ചത്.

2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000 നോട്ടുകൾ മാറ്റാം.

വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് 20,000 രൂപയിൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും.

2000 രൂപ നോട്ടുകൾ മാറ്റുന്നതിനു പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങാം. ഇതിന് പ്രത്യേക ഫീസൊന്നും നൽകേണ്ടതില്ല.