കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിമർശനം. മുഖ്യമന്ത്രി ചിന്തിക്കുന്നതും ഊണിലും ഉറക്കത്തിലും ആലോചിക്കുന്നതും എങ്ങനെ കൊള്ള നടത്താമെന്നാണെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ പുതിയ പോർമുഖങ്ങൾ കണ്ടെത്തുകയാണ് മുഖ്യമന്ത്രി. സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാൽ ഒരു സിപിഎമ്മുകാരനും ഈ സംസ്ഥാനത്തും ജില്ലയിലും ഇറങ്ങിനടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ വിയ്യൂർ സെൻട്രൽ ജയിൽ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ബിജെപിയും സിപിഎമ്മും തമ്മിൽ കൊടുക്കൽ വാങ്ങലാണ്. എന്തുകൊണ്ട് പിണറായി വിജയൻ ജയിലിൽ കിടന്നില്ല. നാണംകെട്ട ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അദ്ദേഹത്തെ രക്ഷിച്ചത്. കോൺഗ്രസിനെ തോൽപ്പിക്കാൻ അവർ സിപിഎമ്മിനെ സഹായിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആ സന്ധിയിൽ പിണറായി വിജയന് കേന്ദ്രസർക്കാർ സംരക്ഷണം ഒരുക്കുന്നു. ലാവലിൻ കേസ് 37 തവണ സുപ്രീംകോടതിയിൽ മാറ്റിവെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ആ കേസെടുത്താൽ പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിലേക്ക് പോകുമെന്ന് സുനിശ്ചിതമാണ്. ബിജെപി ഒരു ഭാഗത്ത് പിണറായി വിജയനെ സംരക്ഷിക്കുന്നു. മറുഭാഗത്ത് ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് ഇടതുസർക്കാർ കൂട്ടുനിൽക്കുന്നു. കെ. സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചപ്പോൾ ക്രൈംബ്രാഞ്ചോ വിജിലൻസ് പോലും അന്വേഷിച്ചില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.