തിരുവനന്തപുരം: നിപ വൈറസിനെ നേരിട്ട ആരോഗ്യ പ്രവർത്തകർക്കും വിദഗ്ദ്ധർക്കും മന്ത്രിതലസംഘത്തിനും അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. രോഗികളുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും ദ്രുതഗതിയിൽ ഐസൊലേറ്റ് ചെയ്യാനും നിരീക്ഷണ സംവിധാനത്തിൽ കൊണ്ടുവരാനും സാധിച്ചത് നിപ ബാധയുടെ തീവ്രത കുറക്കാൻ സഹായകമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വലിയ യജ്ഞത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദഗ്ദ്ധർക്കും ആരോഗ്യ മന്ത്രിയുൾപ്പെട്ട മന്ത്രിതലസംഘത്തിനും പ്രാദേശിക കൂട്ടായ്മകൾക്കും അഭിനന്ദനങ്ങൾ. നിപ പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാൻ ഈ സന്നദ്ധത നമുക്ക് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

