ചെന്നൈ: എഐഎഡിഎംകെയ്ക്ക് നേരെ പരിഹാസവുമായി ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഒരാൾ കള്ളനും മറ്റേയാൾ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐഎഡിഎംകെ ബിജെപി സഖ്യം അവസാനിച്ചെന്നാണ് നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ജയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല. എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

