കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ വിവിധയിടങ്ങളിൽ ഇ ഡി പരിശോധന.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. മലപ്പുറം ജില്ലയിൽ സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെ 7 പേരുടെയും തൃശൂരിൽ മുൻ സംസ്ഥാന നേതാവിന്റെയും എറണാകുളത്ത് മുൻ ജില്ലാ നേതാവിന്റെയും വയനാട്ടിൽ സംസ്ഥാന കൗൺസിൽ മുൻ അംഗത്തിന്റെയും വീട്ടിലായിരുന്നു പരിശോധന. വിവിധയിടങ്ങളിൽനിന്ന് വൻ തുകയും വിവിധ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചു ജില്ലയിൽനിന്നുള്ള 5 പേരെ കഴിഞ്ഞ ദിവസം കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യംചെയ്തു. ഇ.ഡി ഇന്നലെ പരിശോധിച്ച 2 വീടുകൾ ചോദ്യം ചെയ്യപ്പെട്ടവരുടേതാണ്. എൻഐഎ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് ഇ.ഡി പരിശോധനയെന്നു സൂചനയുണ്ട്.കാരാപ്പറമ്പ് ഗ്രീൻവാലി ഫൗണ്ടേഷൻ, ട്രസ്റ്റ് തുടങ്ങിയവ സംബന്ധിച്ച വിവരമാണ് ഇവരിൽനിന്നു എൻഐഎ അന്വേഷിച്ചത്. ഗ്രീൻവാലി ഫൗണ്ടേഷൻ ഓഫിസിൽ നേരത്തേ എൻഐഎ പരിശോധന നടത്തുകയും നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു. അതീവ രഹസ്യമായാണ് ഇന്നലെ ഇ.ഡി പരിശോധനയ്ക്ക് എത്തിയത്. പൊലീസിലെ ഉന്നതർപോലും പരിശോധന നടക്കുന്നുണ്ടെന്ന വിവരം മാത്രമാണ് അറിഞ്ഞത്. എവിടെയാണെന്നോ, ആരുടെ വീടുകളിലാണെന്നോ അറിഞ്ഞില്ല. ലോക്കൽ പൊലീസിനു പുറമേ, വിജയവാഡയിൽനിന്നുള്ള 5 ബറ്റാലിയൻ സിആർപിഎഫ് ഭടന്മാരാണ് സംഘത്തെ അനുഗമിച്ചത്.