ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാൻ അനുകൂലികൾ ന്യൂനപക്ഷമായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. ക്ഷേത്രങ്ങൾ അലങ്കോലമാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ എംബസിക്കും നയതന്ത്രജ്ഞർക്കും ഖലിസ്ഥാൻ അനുകൂലികൾ വലിയ ഭീഷണിയാണ് ഉയർത്തിയത്.
ഇന്ത്യാ വിരുദ്ധരായ സിഖുകാർ പണവും സ്വാധീനവും ഉപയോഗിച്ച് കാനഡയിലെ വലിയ ഗുരുദ്വാരകളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇന്റലിജൻസ് റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമരുന്ന് മോഷണ റാക്കറ്റുകൾക്ക് പഞ്ചാബിൽ വലിയ സ്വാധീനമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവർ പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി പഞ്ചാബിലേക്ക് വലിയ തോതിൽ ലഹരി മരുന്നു കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഖലിസ്ഥാനി ഭീകരർക്കു പഞ്ചാബിലെ വിവിധ കേസുകളിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

