സർക്കാരിന്റെ മുൻഗണന മാറ്റണം; കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം ഉയർത്തി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. സർക്കാരിന്റെ മുൻഗണന മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു. ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നു. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകി.

പല മുഖ്യമന്ത്രിമാരും നേരത്തെ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ ചോദ്യം ഉയർന്നു.സഹകരണ മേഖലയിലെ തട്ടിപ്പിലും സിപിഐ വിമർശനം ഉന്നയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തുടർക്കഥയാണെന്നുമാണ് സിപിഐയുടെ വിമർശനം. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകണമെന്നും സിപിഐ വ്യക്തമാക്കി.