ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ; പ്രമേയം പാസാക്കി

ചെന്നൈ: ഔദ്യോഗികമായി ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ. തമിഴ്നാട്ടിലെ പാർട്ടി ആസ്ഥാനത്ത് ഇന്നു ചേർന്ന യോഗത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയെക്കുറിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിവാദപരാമർശങ്ങൾക്ക് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.

ബി ജെ പി സഖ്യം ഉപേക്ഷിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസ്വാമിയാണ്. എംപിമാരും എംഎൽഎമാരും ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തിൽ ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും പ്രമേയത്തിൽ അറിയിച്ചിട്ടുണ്ട്.

1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അത് ശക്തമായി എതിർത്തുവെന്നുമായിരുന്നു അണ്ണാമലെയുടെ പരാമർശം.