കശ്മീർ വിഷയം വീണ്ടും ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് തുർക്കി

ജനീവ: ഐക്യരാഷ്ട്ര സഭയിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് തുർക്കി. പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനാണ് വിഷയം ഉന്നയിച്ചത്. ഇന്ത്യയും പാകിസ്ഥാനും കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കുന്നത് മേഖലയെ സ്ഥിരതയിലേക്ക് നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഇന്ത്യയും പാകിസ്ഥാനും കശ്മീരിൽ ശാശ്വതമായ സമാധാനം സ്ഥാപിച്ചാൽ ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വഴിയൊരുങ്ങും. ഇക്കാര്യത്തിൽ തുർക്കിയുടെ പൂർണ പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുർക്കി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഐക്യരാഷ്ട്്രസഭയിൽ കശ്മീർ വിഷയം പരാമർശിച്ചത്.