ഇന്ത്യൻ സിനിമയിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. മലയാളികൾക്ക് അല്ലു അർജുൻ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആര്യ, ഹാപ്പി ബി ഹാപ്പി,ബണ്ണി തുടങ്ങി അല്ലു അർജുനിന്റെ ഒട്ടു മിക്ക സിനിമകളും മലയാളത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുഷ്പ എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് താരം ഉയർന്നു. അല്ലു അർജുനിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായിട്ടുള്ള കഥാപാത്രത്തിലെത്തി ഞെട്ടിച്ച സിനിമയായിരുന്നു പുഷ്പ. ചന്ദന കടത്തുകാരന്റെ കഥപറഞ്ഞ ചിത്രം ബോസ്‌ഓഫീസിൽ വൻ വിജയവും ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നടനെ തേടി ദേശിയ പുരസ്‌ക്കാരവും എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ എത്തും എന്ന റിപ്പോർട്ടുകളും പുറത്തു വന്നത് ഈ ഇടയ്ക്കായിരുന്നു.
ഇപ്പോഴിതാ അല്ലു അർജുനുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ലണ്ടനിലെ ലോക പ്രശസ്ത വാക്സ് മ്യൂസിയമായാ മാഡം തുസാഡ്‌സിൽ അല്ലു അർജുനിന്റെ പ്രതിമ ഒരുങ്ങുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യയിലെ മൂന്നാമത്തെ നടനാണ് അല്ലു അർജുൻ. ഇതിനു മുൻപ് ബാഹുബലിയുടെ ലൂക്കിലുള്ള പ്രഭാസിന്റെയും സ്‌പൈഡർ ചിത്രത്തിലെ മഹേഷ് ബാബുവുമാണ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ. പുഷ്പയിലെ ലുക്കിലാണ് താരത്തിന്റെ മെഴുക് പ്രതിമ നിർമിക്കുക. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, കരീന കപൂർ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മെഴുക് പ്രതിമകളുടെ വിശാലമായ ശേഖരവും മ്യൂസിയത്തിലുണ്ട്.

