മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം : അലൻസിയറിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയിൽ വച്ച് അലൻസിയർ നടത്തിയ വിവാദ പരാമർശത്തെ സംബന്ധിക്കുന്ന നടന്റെ പ്രതികരണം അന്വേഷിക്കാൻ പോയപ്പോഴാണ് മാധ്യമ പ്രവർത്തകയോട് നടൻ അപമര്യാദയായി പെരുമാറിയത്. ഇത് സംബന്ധിച്ച് തിരുവന്തപുരം റൂറൽ എസ്‌ പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മീഷൻ പറഞ്ഞു.

സംസ്ഥാന പുരസ്‌ക്കാര വേദിയിൽ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടൻ അലസിയർ നടത്തിയത്. അവാർഡ് സ്വീകരിച്ച ശേഷം പുരസ്‌ക്കാരമായി പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്ന പരാമർശം തീർത്തും അപലപനീയമാണെന്നും സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കിൽ നടൻ അവാർഡ് സ്വീകരിക്കാതിരിക്കണമായിരുന്നു അല്ലാതെ ഇത്തരത്തിൽ പരാമർശം നടത്തുകയല്ല വേണ്ടത്. പരാമർശത്തിന് ശേഷവും നടൻ അത് തിരുത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും അത്‌ ഉണ്ടായില്ല. പിന്നീട് അഭിമുഖം നടത്താൻ വന്ന ചാനൽ പ്രവർത്തകയോട് അങ്ങേയറ്റം മോശമായാണ് നടൻ സംസാരിച്ചത് എന്നും ഇത് സംബന്ധിച്ച് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.