വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുതിയ പാർലമെന്റിലെ ചിത്രം പങ്കുവെച്ചു

ന്യൂഡൽഹി: വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോയിൻ ചെയ്തതിന് പിന്നാലെ ആദ്യ പോസ്റ്റും പ്രധാനമന്ത്രി പങ്കുവെച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ഒരു ഫോട്ടോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.

ജനങ്ങളുമായി ബന്ധം നിലനിർത്താനുള്ള തന്റെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വാട്‌സ് ആപ്പ് ചാനൽ കുറഞ്ഞ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. നിരവധി പേർ ഇതിൽ അംഗമായി എത്തുന്നുണ്ട്.

ടെലിഗ്രാം ചാറ്റ് ബോട്ടുകൾക്ക് സമാനമായ ഒരു വൺവേ ബ്രോഡ്കാസ്റ്റ് ടൂൾ ആയാണ് വാട്‌സ് ആപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ പുതിയ ചാനലുകൾ പുറത്തിറങ്ങുമ്പോൾ ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകും.