ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി ബിജെപി. പ്രധാനമന്ത്രിയുടെ എഴുപത്തി മൂന്നാം ജന്മദിനമാണിന്ന്. രണ്ടാഴ്ച നീളുന്ന സേവന പക്ഷാചരണമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
അതേസമയം, ജന്മദിനത്തിൽ ഡൽഹിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത മോദി ജനങ്ങൾക്കൊപ്പം മെട്രോ യാത്രയും നടത്തി. ഡൽഹി മെട്രോ ദ്വാരക സെക്ടർ 21 മുതൽ 25 വരെ നീട്ടിയതിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇൻർനാഷണൽ കൺവെൻഷൻ സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വിശ്വകർമ ജയന്തി ദിനത്തിൽ വിവിധ തൊഴിൽ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകർമ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതുതായി തുടങ്ങിയ ആയുഷ്മാൻ ഭവ പദ്ദതിയുടെ ഭാഗമായുള്ള രണ്ടാഴ്ച നീളുന്ന സേവന ആചരണത്തിനാണ് ബിജെപി ഇന്ന് തുടക്കം കുറിച്ചത്. സേവന പക്ഷാചരണം സംഘടിപ്പിക്കുന്നത് ഒക്ടോബർ രണ്ടു വരെയാണ്. പദ്ധതിയുടെ ഭാഗമായി ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും.

