തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ ഡിജിപിമാർക്കെതിരെ കോടതിയലക്ഷ്യ ഹർജി

തിരുവനന്തപുരം: തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ ഡിജിപിമാർക്കെതിരെ സുപ്രിംകോടതിയിൽ കോടതിയലക്ഷ്യ ഹർജി. എ എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതിനെതിരെയാണ് ഇരുവർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. പി കെ സി നമ്പ്യാരാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷക പ്രീതി സിംഗ് മുഖേനയാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

സനാതന ധർമത്തെ അപമാനിക്കുന്ന പ്രസ്താവനയ്ക്കെതിരെ നടപടി എടുത്തില്ലെന്ന് ആരോപണമാണ് ഹർജി മുന്നോട്ടുവെയ്ക്കുന്നത്. വിശ്വാസത്തെ ഹനിക്കുന്ന വിഷയത്തിൽ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തിൽനിന്ന് തുടച്ചു നീക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിൽ നടത്തിയ പരാമർശമാണ് വിവാദമായത്.

കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ജൂലൈ 21 ന് നടത്തിയ പ്രസംഗത്തിൽ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായി ഹർജിക്കാരൻ വ്യക്തമാക്കുന്നു. ഗണപതിയുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഒരു മതവിഭാഗത്തെ വേദനിപ്പിക്കുന്നതായിരുന്നു സ്പീക്കറുടെ പ്രസ്താവനയെന്നും ഹർജിക്കാരൻ അറിയിച്ചു.