ന്യൂഡൽഹി: ഡീസൽ ഇന്ധനത്തിന് എതിരല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ വാഹന നിർമ്മാതാക്കളെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഡീസൽ ഇന്ധനത്തിന് എതിരല്ലെന്നും ഡീസൽ വാഹനങ്ങൾക്ക് സർക്കാർ ഒരു നികുതിയും ഈടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നതിന് ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. മലിനീകരണ തോത് ഉയരുന്നത് ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നമാണെന്നും ഡീസൽ വാഹനങ്ങളുടെ വിൽപ്പന തടയാൻ നികുതി വർധിപ്പിക്കുന്ന സാഹചര്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ പരമാർശം. ഇതിന് പിന്നാലെയാണ് അദ്ദേഹം ഈ പരാമർശം തിരുത്തിയത്.
താൻ ഒരു വ്യവസായത്തിനും എതിരല്ലെന്നും ഇന്ത്യൻ സർക്കാർ ഇതിനകം തന്നെ ഇലക്ട്രിക് കാറുകൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

