സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മലേറിയ വാക്‌സിന് അനുമതി നൽകി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയുടെ മലേറിയ വാക്‌സിന് അനുമതി നൽകി ലോകാരോഗ്യ സംഘടന. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച മലേറിയ വാക്സിനാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്. നാല് രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ ഈ വാക്‌സിൻ നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും നൽകുന്നുവെന്നാണ് കണ്ടെത്തൽ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് R21/Matrix-M മലേറിയ വാക്സിൻ വികസിപ്പിച്ചത്. കുട്ടികളിൽ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്‌സിനാണ് ഇതെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്.

വാക്സിൻ നിർമ്മിച്ചത് നൊവവാക്സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പ്രതിവർഷം 10 കോടി ഡോസ് മലേറിയ വാക്സിൻ നിർമിക്കാനുള്ള ശേഷി ഉണ്ട്. അടുത്ത രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിനാൽ R21/Matrix-M വാക്‌സിൻ ഡോസുകൾ അടുത്ത വർഷം തന്നെ വിപുലമായ റോൾ ഔട്ട് ആരംഭിക്കാൻ തയ്യാറാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവല്ല പറഞ്ഞു. ഘാന, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ വാക്‌സിൻ ഉപയോഗിക്കുന്നതിന് നിലവിൽ ലൈസൻസ് നൽകിയിട്ടുണ്ട്.