ന്യൂഡൽഹി: ലോകത്തിന്റെ മുഴുവൻ വികസനത്തിനായാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യ ജി20 അധ്യക്ഷപദം വഹിക്കുന്നത് ലോകത്തിനാവശ്യമായ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണോ എന്നത് താനല്ല തീരുമാനിക്കുന്നത്. അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അംഗരാജ്യങ്ങളാണ്. ലോകത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ബഹുമുഖമായ സ്ഥാനമുണ്ട്. ഇന്നത്തെ സാഹചര്യത്തിന് അനുസൃതമായി സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആപ്തവാക്യത്തെ സ്വാഗതം ചെയ്യുന്നു. ഉപനിഷത്തിൽ നിന്നുള്ള വാക്കുകൾ ഇപ്പോഴത്തെ സാഹചര്യത്തിലും പ്രതിഫലിക്കുകയാണ്. ആഗോള സാമ്പത്തിക വ്യവസ്ഥിതി കാലഹരണപ്പെട്ടു. അതിനാൽ സമൂലമായ പുനർനിർമാണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

