കൊച്ചി: പോലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

