മണിപ്പൂരിൽ വീണ്ടും അക്രമം; ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ. ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംഘർഷം ഉണ്ടായതോടെ പോലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മണിപ്പൂരിൽ കുക്കികൾക്ക് പ്രത്യേക ഭരണം നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

ഹിൽ ഏരിയാ കമ്മിറ്റികൾക്ക് സ്വയംഭരണം നൽകാമെന്ന് കേന്ദ്രത്തോട് നിർദേശിക്കാം. എന്നാൽ പ്രത്യേക ഭരണകൂടമെന്ന കുക്കി സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്.

മാസങ്ങളായി മണിപ്പൂരിൽ കലാപന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആയിരക്കണക്കിന് സാധാരണക്കാരാണ് മൂന്ന് മാസത്തിലേറെയായി താത്ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരികെ തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് പോകണമെന്ന ആവശ്യമാണ് ഇവരിൽ പലരും ഉന്നയിക്കുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ഭവനങ്ങൾ പുനർ നിർമിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാഴ്വാക്കാണെന്ന് ഐഡിയൽ ഗേൾസ് കോളേജിലായുള്ള തോങ്ജു ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചവർ ആരോപിക്കുന്നു.