തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് പരിശോധനയും നടപടികളും ശക്തമാക്കി എക്‌സൈസ്. ആഗസ്റ്റ് 8 മുതൽ 24 വരെയുള്ള 17 ദിവസങ്ങളിലായി 7164 കേസുകളാണ് ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉൾപ്പെടുന്നുണ്ട്.
630 പ്രതികളും 44 വാഹനങ്ങളും മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടിച്ചെടുത്തത്. പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളിൽ 5147 പേരെ പ്രതിചേർക്കുകയും 10.66 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, എക്‌സൈസിന്റെ ഓണം ഡ്രൈവിൽ ഭാഗമായ എല്ലാ ഉദ്യോസ്ഥരെയും എക്‌സൈസ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സെപ്റ്റംബർ 5 വരെ ഓണം സ്‌പെഷ്യൽ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഡ്രൈവിൽ സംസ്ഥാനത്തെ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും ഭാഗമായിട്ടുണ്ട്. അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം തുടരണമെന്നും മന്ത്രി നിർദേശിച്ചു. ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

