അന്ന് അംഗീകരിക്കാതെ പോയതിൽ ഒത്തിരി വിഷമിച്ചു ; ഇപ്പോൾ ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷിക്കുന്നു ; ഇന്ദ്രൻസ്

ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയതിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ഹോമിന് അന്ന് തന്നെ പ്രേക്ഷകർ പുരസ്കാരം നൽകിയതാണ്. സിനിമ റിലീസ് ആയി രണ്ടു വർഷമായതുകൊണ്ട് തന്നെ അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞു എന്നാണ് കരുതിയത്. അവാർഡ് കിട്ടിയതോടെ പ്രപഞ്ചത്തിൽ ഒരു സത്യമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. മനുഷ്യർ ആയതുകൊണ്ട് തന്നെ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരുകയും കിട്ടാതിരിക്കുമ്പോൾ സങ്കടം വരികയും ചെയ്യും.

എന്നെക്കാൾ ഏറെ കഷ്ടപ്പെട്ടവർ ഈ സിനിമയുടെ പുറകിലുണ്ട്. അത് അംഗീകരിക്കാതെ പോയതിൽ ഏറെ വിഷമിച്ചിരുന്ന സമയമുണ്ട്. കൊറോണ കഴിഞ്ഞിട്ട് ഒരു വർഷത്തോളം തീയറ്റർ തുറക്കാതിരുന്നതോടെയാണ് ഹോം ഒടി ടിയിൽ റിലീസ് ചെയ്തത്. പക്ഷേ അന്ന് പ്രേക്ഷകരിൽ നിന്ന് കിട്ടിയ അംഗീകാരം വലുതായിരുന്നു. ഇപ്പോൾ ദേശീയതലത്തിൽ അംഗീകാരം കിട്ടിയതിൽ അതിലേറെ സന്തോഷമുണ്ട് എന്നുമാണ് ഇന്ദ്രൻസ് പറഞ്ഞത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും ഹോം സിനിമയെ ഒഴിവാക്കിയിരുന്നു. ഹോം സിനിമ അവാർഡ് നിർണയ കമ്മിറ്റി കണ്ടിട്ടുണ്ടാവില്ല. കണ്ടവർ ഒരിക്കലും സിനിമ തഴയില്ല. ഹോം കാണാത്തവർക്ക് സിനിമയെപ്പറ്റി ഒന്നും പറയാനുണ്ടാവില്ലെന്നും അല്ലെങ്കിൽ ഒഴിവാക്കാൻ വേണ്ടി ആദ്യമേ കാരണം കണ്ട് പിടിച്ചിട്ടുണ്ടാവുമെന്നുമായിരുന്നു അന്ന് ഇന്ദ്രൻസ് പ്രതികരിച്ചത്.