ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന നിമിഷത്തിനായി താൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ചന്ദ്രയാന്റെ ലാൻഡിങ് വഴി പുറത്തുവരുന്ന ഗവേഷണ വിവരങ്ങളും റോവർ ശേഖരിക്കുന്ന സാമ്പിളുകളും കാണാൻ ഏറെ ആകാംക്ഷയുണ്ട്. ലോകത്തിലെ തന്നെ ചാന്ദ്രയാൻ ദൗത്യത്തിലെ മികച്ച ചുവടുവെപ്പായിരിക്കും ഇതെന്നും അവർ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുസ്ഥിരമായ മനുഷ്യവാസം സ്ഥാപിക്കാൻ ചന്ദ്രയാൻ -3 നടത്തുന്ന പഠന ഗവേഷണങ്ങൾ സഹായകമാകും. ലോകത്തിലെ തന്നെ ബഹിരാകാശ പര്യവേഷണ മേഖലയുടെ വളർച്ചയിൽ ഇന്ത്യക്ക് വലിയ പങ്കുണ്ട്. ഇത്തരം ദൗത്യങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നതിൽ വളരെ സന്തോഷമാണുള്ളതെന്നും സുനിതാ വില്യംസ് പ്രതികരിച്ചു.

