ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലക്നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനീകാന്ത് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. ഭാര്യ ലതയും രജനീകാന്തിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ യോഗി ആദിത്യനാഥ് തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സൗഹൃദ സന്ദർശനമായിരുന്നുവെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങുകയും ചെയ്തു. പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന യോഗി ആദിത്യനാഥ് ഒരു പുസ്തകവും ഗണേശ വിഗ്രഹവും രജിനിക്ക് സമ്മാനിച്ചു. ഞ്യാറാഴ്ച്ച മുഖ്യമന്ത്രിക്കൊപ്പം രജിനികാന്ത് അയോധ്യയിലെത്തും. ലക്നൗവിൽ ശനിയാഴ്ച രാവിലെ ജയിലർ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തിയിരുന്നു.

