കൊല്ലം: പൊതുവിപണനശൃംഖലകളിലൂടെ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിരോധമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആശ്രാമം മൈതാനത്ത് ജില്ലാതല സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടഞ്ഞ് കുറഞ്ഞനിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. എല്ലാ നിത്യോപയോഗസാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകൾ മുഖേന ലഭ്യമാകുന്നുണ്ട്. 2016ൽ പ്രഖ്യാപിച്ച അതേ വിലയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഇത്തവണയും നൽകുന്നു. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ നീല, വെള്ള റേഷൻ കാർഡുകൾക്ക് അഞ്ച് കിലോ ചെമ്പ അരി നൽകും. ഓണക്കാലത്ത് 250 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ മുഖേന ലക്ഷ്യമിടുന്നത്. ഭക്ഷ്യവകുപ്പ് സംസ്ഥാനത്തെ കർഷകരിൽ നിന്ന് സംഭരിക്കുന്ന അരി നേരിട്ട് പൊതുവിപണന ശൃംഖലകളിലൂടെ എത്തിക്കുകവഴി ഗുണനിലവാരം ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സാധാരണക്കാർക്ക് ഓണം സമൃദ്ധമാക്കാൻ ഒട്ടേറെ ആനുകൂല്യങ്ങളാണ് നൽകിവരുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളിലൂടെ ഗുണമേ•യുള്ള ഉത്പ്പന്നങ്ങൾ മിതമായനിരക്കിൽ ജനങ്ങൾക്ക് നൽകുന്നു. സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണവും തുടങ്ങി. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ നേർക്കാഴ്ചയാണ് സപ്ലൈകോയിൽ ഉൾപ്പെടെ കണ്ടുവരുന്ന ജനത്തിരക്കെന്നും മന്ത്രി വ്യക്തമാക്കി.
എൻ കെ പ്രേമചന്ദ്രൻ എം പി ആദ്യവില്പന നടത്തി. ഉത്പന്നങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറും ലഭ്യമാണ്. റേഷൻ കാർഡ് ഹാജരാക്കി സബ്‌സിഡി സാധനങ്ങൾ വാങ്ങാം. ഓഗസ്റ്റ് 28 ന് ഫെയർ സമാപിക്കും. ഓണം ഫെയറിലെ നിത്യോപയോഗ സ്ഥാപനങ്ങളുടെ സബ്സിഡി വില ( വിപണി വില ബ്രാക്കറ്റിൽ): ജയ അരി 25 രൂപ (42), പച്ചരി 23(37.50), ചെറുപയർ 74 (115), ഉഴുന്ന് 66 (128.10), വൻപയർ 45 (109.20), കടല 43(75.60), തുവര 65(148.06), അരക്കിലോ മുളക് 37.50 ( 251), അരക്കിലോ മല്ലി 39.50 (103), ഒരു കിലോ പഞ്ചസാര 22 (44.50), ഒരു ലിറ്റർ വെളിച്ചെണ്ണ 126( 146).
മേയർ പ്രസന്നാ ഏണസ്റ്റ്, ഡിവിഷൻ കൗൺസിലർ ഹണി, സപ്ലൈകോ മേഖല മാനേജർ ജലജ ജി എസ് റാണി, ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻകുമാർ, മറ്റ് രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

