ഓണത്തിന് ലാഭവും ആകർഷണീയവുമായ ടൂർ പാക്കേജൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ

കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് മിതമായ നിരക്കിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നാർ – വാഗമൺ ട്രിപ്പാണ് ടൂർ പാക്കേജിൽ ആകർഷണീയമായുള്ളത്.

ഓഗസ്റ്റ് 25 നും 30 നും വൈകിട്ട് 7 മണിക്ക് കണ്ണൂർ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസമാണ് വാഗമണിലെത്തുന്നത്. തുടർന്ന് ജീപ്പ് സഫാരിയും സൈറ്റ് സീയിങ്ങും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിയോടെ ഹോട്ടലിൽ ക്യാമ്പ് ഫയർ നടത്തും. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ, ആനയിറങ്കൽ ഡാം, ഓറഞ്ച് ഗാർഡൻ, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ 6 മണിക്കാകും കണ്ണൂരിലേക്ക് തിരിച്ചു പോകുന്നത്.

ഗവിയിലേക്കുള്ള ബഡ്ജറ്റ് ടൂറിസം ഓഗസ്റ്റ് 30 നാണ് പോകുന്നത്. കണ്ണൂരിൽ നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം കുമളിയിലെത്തും. തുടർന്ന് ജീപ്പിൽ കമ്പത്തേക്ക് പോയി മുന്തിരിത്തോട്ടം, പച്ചക്കറി തോട്ടം, പെൻ സ്റ്റോക്ക് പൈപ്പ് ലൈൻ വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രാമക്കൽമേട്ടിലേക്ക് പോകും. രണ്ടാമത്തെ ദിവസം ഗവിയിൽ ബോട്ടിങ്ങും ഭക്ഷണവും ഉണ്ടായിരിക്കും. അടുത്ത ദിവസം രാവിലെ ആറ്‌ മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. 27 ന് 6 മണിക്ക് കാസർഗോഡ് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽകോട്ട, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തും.