കൊച്ചി: സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത കുർബാന സംബന്ധിച്ച തർക്ക പരിഹാരത്തിനെത്തിയ വത്തിക്കാൻ പ്രതിനിധിയ്‌ക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ. സംഭവം അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് സഭയുടെ പ്രതികരണം.
അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് ബസിലിക്കയിൽ എത്തിയ പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെയാണ് തടഞ്ഞത്. തർക്ക പരിഹാരത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ നിയോഗിച്ച പ്രതിനിധിയാണ് പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തിനെ തടഞ്ഞത് തീർത്തും അപലപനീയമാണെന്ന് സഭ വ്യക്തമാക്കി.
പ്രതിഷേധത്തിനിടയിലുണ്ടായത് ക്രൈസ്തവ വിരുദ്ധമായ രീതികളാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതീകരിക്കാനാകില്ല. ക്രൈസ്തവരുടെ സംസ്‌കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന ആവശ്യവും സഭ മുന്നോട്ടുവെച്ചു.
പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്. അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ അവഗഹേളിക്കുമ്പോഴും കുർബാനയും കൈയിൽ പിടിച്ച് പ്രാർത്ഥനാപൂർവം എതിർപ്പുകളെ നേരിട്ട പൊന്തിഫിക്കൽ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവ സാക്ഷ്യമാണ്. അനാദരവ് കാണിച്ചവർ ക്ഷമാപണം നടത്തി തെറ്റുകൾ തിരുത്തി സഭയോട് ചേർന്നു നിൽക്കാനുള്ള ശ്രമമുണ്ടാകണമെന്നും സഭ ആവശ്യപ്പെട്ടു.

