സ്വാതന്ത്ര്യ ദിനത്തിൽ 6 ജിയെക്കുറിച്ച് പരാമർശിച്ച് മോദി

ന്യൂ ഡൽഹി : ഇന്ത്യയുടെ 77 -മത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ 6 ജിയുടെ വരവിനെ കുറിച്ച് സൂചന നൽകി മോദി. രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിന് മുൻപ് തന്നെ കുറഞ്ഞ തുകയിൽ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കുമെന്ന് മോദി വിശദീകരിച്ചു. 6 ജി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും പെട്ടെന്ന് തന്നെ 5 ജിയിൽ നിന്ന് 6 ജിയിലേക്ക് മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മുഴുവൻ 5 ജി സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കിയെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഇതോടെ രാജ്യത്തെ 22 മേഖലകളിൽ വിജയകരമായി 5 ജി പൂർത്തിയാക്കിയെന്ന ജിയോയുടെ വാദം പ്രധാനമന്ത്രിയുടെ വാക്കുകളുമായി കൂട്ടി ചേർത്താണ് വായിക്കേണ്ടത്. ഫൈവ് ജിയെക്കാൾ നൂറു മടങ്ങ് വേഗതയേറിയ സിക്സ് ജിയുടെ വേഗം സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെയാണ്. ഒരു മിനിറ്റിൽ 100 സിനിമകൾ ഡൗൺലോഡ് ചെയ്യാനും ഫാക്ടറികൾ അകലെ നിന്ന് നിയന്ത്രിക്കാനും പരസ്പരം സംസാരിക്കുന്ന കാറുകൾ ഡ്രൈവറില്ലാതെ ഓടിക്കാനും 6 ജി വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.