ക്രിമിനലുകളെ പൂജിക്കണ്ട കാര്യമില്ല ; ബുൾഡോസർ പ്രയോഗത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കും മാഫിയകൾക്കും എതിരെ സർക്കാർ നടത്തിയ ബുൾഡോസർ നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യ നാഥ്. പുരോഗതിയിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇത്തരം ബുൾഡോസർ പ്രയോഗം വേണമെന്നും വികസനത്തിന് വെല്ലുവിളിയായി നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം എ എൻ ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് യോഗി ഇത്തരമൊരു പ്രതികരണം നടത്തിയത്.

മാഫിയകൾ വികസനം നടത്താൻ സമ്മതിക്കില്ലെന്നും മുമ്പുള്ള സർക്കാർ അവരെ തടഞ്ഞിരുന്നില്ലെന്നും യോഗി പ്രതികരിച്ചു. സർക്കാരിന്റെ സ്വത്ത് അനധികൃതമായി കയ്യേറുന്നവരെ ആരാധിക്കുകയാണോ വേണ്ടതെന്നും അത്തരക്കാർക്ക് പാഠം നൽകാനാണ് ബുൾഡോസർ നടപടി സ്വീകരിച്ചതെന്നും യോഗി പറഞ്ഞു. ന്യുന പക്ഷ വിഭാഗങ്ങളെ ക്രിമിനലായി യു പി സർക്കാർ കാണുന്നുവെന്ന വാദം ഉത്തർപ്രദേശ് മുഖ്യമന്ത്രി തള്ളി. നിയമത്തിന് മുന്നിൽ ജാതി മത ഭേദമന്യേ എല്ലാവരും തുല്യരാണെന്നും ഭരണഘടനയെ അനുസരിച്ച് ജനാധിപത്യ പരമായാണ് ബി ജെ പി മുന്നോട്ട് പോകുന്നതെന്നും യോഗി കൂട്ടി ചേർത്തു.