താനൂർ ബോട്ട് അപകടം; കുറ്റപത്രം സമർപ്പിച്ച് പോലീസ്, സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പ്രതികൾ

മലപ്പുറം: താനൂർ ബോട്ട് അപകടക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പേരാണ് കുറ്റപത്രത്തിലുള്ളത്.

ബോട്ടിന്റെ ഉടമസ്ഥനായ നാസർ, ആലപ്പുഴ പോർട്ട് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പൂർ പോർട്ട് ഓഫീസർ പ്രസാദ് എന്നിവർ പ്രതിപ്പട്ടികയിലുണ്ട്. സർക്കാർ ജീവനക്കാരായ പ്രതികൾക്കെതിരെ സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകൾ കുറ്റപത്രത്തിലുണ്ട്.

85 ദിവസങ്ങൾക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോട്ടുടമസ്ഥൻ നാസർ അടക്കമുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.