തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാൻ അർഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നൽകുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും കഴിഞ്ഞ വർഷത്തെക്കാൾ ഏറെ കേന്ദ്രം നൽകി. ജൂൺ വരെ മാത്രം 14,957 കോടി രൂപ കേരളം കടമെടുത്തു. ഇതല്ലാം മറച്ചു വച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ നാഴികയ്ക്ക് നാൽപ്പത് വട്ടം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് മലയാളികളെ പറ്റിക്കാനും ധനമന്ത്രിയുടെ മുഖം രക്ഷിക്കാനും വേണ്ടിയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

