കോടികൾ വാഗ്ദാനം നൽകിയിട്ടും അൽഹിലാലുമായി ചർച്ചയ്ക്ക് കൂട്ടാക്കാതെ കിലിയൻ എംബാംപെ

പാരീസ് : സൗദി പ്രോ ലീഗ് ക്ലബ് അൽഹിലാലിന്റെ വാഗ്ദാനങ്ങൾക്കൊന്നും വഴങ്ങാതെ എംബാപ്പെ. കോടികൾ ഓഫർ ചെയ്തിട്ടും അൽ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാൻ പോലും താരം കൂട്ടാക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. ചർച്ചകൾ നടത്താൻ അൽ ഹിലാൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാരിസിലെത്തിയിട്ടും ഇവരോട് ചർച്ചയ്ക്കില്ലെന്ന് താരം പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 6346 കോടി രൂപയാണ് അൽഹിലാൽ താരത്തിന് വാർഷിക പ്രതിഫലമായി ഓഫർ ചെയ്തത്. എംബപ്പെ ഈ ഓഫർ അംഗീകരിച്ചിരുന്നെങ്കിൽ 2700 കോടി രൂപയോളം ട്രാൻസ്ഫർ ഫീസ് പി എസ് ജിക്ക് ലഭിക്കുമായിരുന്നു.

ഒരു സീസൺ മാത്രമാണെങ്കിലും താരവുമായി കരാർ ഒപ്പിടാം എന്ന നിലപാടിലാണ് ക്ലബ്. കരാർ കാലാവധി തീർന്നാലുടൻ പി എസ് ജി വിടുമെന്ന് എംബപ്പേ അറിയിച്ചിരുന്നു. ഇതോടെ പി എസ ജി ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് താരത്തോട് പറഞ്ഞത്. എന്നാൽ താരം ഇതിൽ പ്രതികരിക്കാത്തതോടെ ക്ലബ് എംബപ്പെ ഇല്ലാതെ പ്രീ സീസൺ പര്യടനത്തിന് പോയി. ഇതോടെ പി എസ് ജിയിൽ താരം തുടരുന്നില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി എംബപ്പേ ധാരണയിൽ എത്തി ചേർന്നെന്ന വാർത്തകളും പുറത്തു വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.