തൃശ്ശൂരിലെ ലോക്സഭാ സീറ്റ് ബി ഡി ജെ എസ്സിന് വേണമെന്ന് ആവശ്യപ്പെട്ട് തുഷാർ വെള്ളാപ്പള്ളി

ഡൽഹി : ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബി ഡി ജെ എസ് അധ്യക്ഷനും ബിജെപിയുടെ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ഡൽഹിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ബി ഡി ജെ എസ്സിന്റെ സീറ്റുകളെ സംബന്ധിച്ചും കേരളത്തിലെ ബിജെപിയുടെ വിപുലീകരണത്തെ സംബന്ധിച്ചും ചർച്ച നടത്തി. മധ്യ തിരുവിതാംകൂറിലെ ഒരു പ്രമുഖ പാർട്ടിയെ ബിജെപിയിൽ ചേർക്കുന്നതിനായി ചർച്ചകൾ നടന്നുവരുന്നതായി തുഷാർ വെള്ളാപ്പള്ളി നദ്ദയെ അറിയിച്ചു.

വയനാട്, ചാലക്കുടി, കോട്ടയം, തൃശ്ശൂർ, ആലത്തൂർ, മാവേലിക്കര ഇടുക്കി എന്നിങ്ങനെ 7 സീറ്റുകളാണ് ബി ഡി ജെ എസ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കാനെത്തിയ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിൽ മത്സരിച്ചത്. കൂടിക്കാഴ്ചയിൽ എൻ ഡി എ യുടെ യോഗം കേരളത്തിൽ ചേരാനും ശക്തമായ ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചിരിക്കുകയാണ്.