തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ സിപിഐ പങ്കെടുക്കും. സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവീന ആശയങ്ങളെ അതേപോലെ കാണാൻ തയ്യാറാവണം. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്നും ഇസ്ലാം മതത്തിനുള്ളിൽ തന്നെ മാറ്റത്തിനായി ആവശ്യം ഉയരുന്നുണ്ട്. അത്തരം ചിന്തകളെ പാപമായി കാണരുത്. സ്ത്രീകളുടെ അവകാശ ബോധം ഉയർന്നു വരുന്നുണ്ട്. ബിജെപി രാഷ്ട്രീയ അജണ്ട ലക്ഷ്യംവെച്ചാണ് ഏക സിവിൽ കോഡുമായി മുന്നോട്ടുപോകുന്നതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
എല്ലാ മതത്തിലും നവീനമായ ചിന്തകൾ ശക്തിപ്പെടുന്നുണ്ട്. ആ ചിന്തകളെ പാപമായി ഒരു മതവും കാണാൻ ശ്രമിക്കരുത്. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങൾ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാൽ ചിലപ്പോൾ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും. അതുകൊണ്ട് മതങ്ങൾക്കുള്ളിൽ വളർന്നുവരുന്ന ജനാധിപത്യപരമായ നവീന ആശയങ്ങളെ അതുപോലെ കാണാനും ഉൾക്കൊള്ളാനും മതങ്ങൾ പഠിക്കണം. അല്ലെങ്കിൽ എല്ലാ മതങ്ങൾക്കുള്ളിലും മതഭ്രാന്തന്മാർ ശക്തിപ്പെടും. ആ മതഭ്രാന്ത് ജനങ്ങളെ തന്നെ ചിലപ്പോൾ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

