പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസ്; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവം നടത്തി കോടതി. ആറ് പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് തുടങ്ങിയവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ തുടങ്ങിയ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു.

കേസിൽ ഭീകരപ്രവർത്തനം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും എൻഐഎ കോടതി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച്ച കേസിൽ കുറ്റക്കാർക്കെതിരെയുള്ള ശിക്ഷ കോടതി പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കണമെന്നാണ് കോടതി നിർദ്ദേശം. ഇവരെ കാക്കനാട് ജയിലിൽ പാർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.

പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ ആയിരുന്നു സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ. നാസറിന്റെയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെയും വിചാരണയാണ് കോടതി പൂർത്തിയാക്കിയത്.

അതേസമയം, പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു. രാജ്യത്തിന്റെ നീതി നടപ്പിലാകുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിന്റെ പരിസമാപ്തി എന്താണെന്ന് അറിയണം. അത്ര മാത്രം കൗതുകമേ വിഷയത്തിൽ തനിക്കുള്ളൂ. അതുകൊണ്ട് പ്രതികളെ ശിക്ഷിക്കുകയോ, ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ തനിക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലെന്നും അദ്ദേഹം വിശദമാക്കി.

പ്രതികളും തന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്. തന്നെ ഉപദ്രവിച്ചവരൊന്നും തന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇതിനെല്ലാം നിർദ്ദേശിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ അവരെ പിടിക്കാൻ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകർത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.