കോവിഡിലും കൈവിടാത്ത നയതന്ത്രം; ലോകരാജ്യങ്ങള്‍ക്കു കൈകൊടുക്കാന്‍ കൊറോണക്കാലത്ത് ജയ്ശങ്കര്‍ നടത്തിയത് 27 വിദേശയാത്രകള്‍ !

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഓണ്‍ലൈനായി ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും രാജ്യപുരോഗതിക്കായുള്ള വിദേശയാത്രകള്‍ നടത്തി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. ലോകത്തെ കൊവിഡ് ഭീതിയാല്‍ കീഴടക്കിയ രണ്ട് വര്‍ഷങ്ങളിലും 27 വിദേശയാത്രകളാണ് ജയ്ശങ്കര്‍ നടത്തിയത്.

വിദേശകാര്യമന്ത്രിയുടെ പ്രധാന ചുമതല തന്നെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ്. കൊവിഡ് കാലത്ത് വിവിധ രാജ്യങ്ങള്‍ വിദേശ പ്രതിനിധികളെ സ്വീകരിക്കാന്‍ പോലും മടികാണിച്ചപ്പോള്‍ ഇത്രയും യാത്രകള്‍ കേന്ദ്രമന്ത്രി നടത്തേണ്ടിവന്നത് ചൈന സൃഷ്ടിച്ച വെല്ലുവിളികളും, അഫ്ഗാന്‍ പ്രശ്‌നങ്ങളും കൊണ്ടുതന്നെയാണ്.

ചൈനയുടെ നയതന്ത്രങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുന്നതിന് ഒന്നിലേറെ ചെറിയ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടി വന്നു. ലഡാക്കിലെ സംഘര്‍ഷത്തിന് അയവ് വന്നതിന് ശേഷം ഉയര്‍ന്നുവന്ന അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങളും വിദേശകാര്യമന്ത്രാലയത്തിന്റെ ജോലി ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു.

കൊവിഡ് കാലയളവില്‍ വിദേശകാര്യ മന്ത്രിയുടെ ഓരോ സന്ദര്‍ശനവും വെല്ലുവിളി നിറഞ്ഞതായിരുന്നു. മേയ് മാസത്തില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രിട്ടനില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ രണ്ട് പോസിറ്റീവ് കോവിഡ് കേസുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് മന്ത്രി അവിടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടി വന്നു.

2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേവലം നാല് രാജ്യങ്ങളിലാണ് ജയ്ശങ്കര്‍ സന്ദര്‍ശനം നടത്തിയെങ്കില്‍ ബാക്കി 23 യാത്രകളും കൊവിഡ് വ്യാപനം ലോകത്തിന്റെ വിവിധ ഇടങ്ങളിലും ഇന്ത്യയിലും രൂക്ഷമായി നിലനില്‍ക്കുന്ന സമയമായിരുന്നു. വിദേശകാര്യ വിദഗ്ദ്ധരും, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ജയ്ശങ്കറിന്റെ യാത്രകള്‍ അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥയുമായാണ് ചേര്‍ത്ത് വായിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളില്‍ മുഖാമുഖമുള്ള ചര്‍ച്ചകള്‍ പരമപ്രധാനമാണ് എന്നതാണ് ഇതിനു കാരണം.