പത്തനംതിട്ട: കോവിഡ് വാക്‌സീനെടുത്ത യുവതി തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിലായെന്നു പരാതി. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ദിവ്യ ആര്‍.നായരാണ് അപകടനിലയില്‍ കഴിയുന്നത്. ദിവ്യയുടെ ഭര്‍ത്താവ് ജിനു ജി.കുമാറാണ് കലക്ടര്‍ക്ക് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പാണ് ദിവ്യ വാക്‌സീന്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു ദിവ്യയെ മാറ്റുകയായിരുന്നു.
ശേഷം, തലച്ചോറില്‍ 2 തവണ സര്‍ജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു ശതമാനമേയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ദിവ്യയെ ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ദിവ്യയുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്‌സീനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. കലക്ടര്‍ക്ക് നല്‍കിയ പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കൈമാറിയിട്ടുണ്ട്.

