എങ്ങനെയാണ് ഇരുചക്ര വാഹനങ്ങളിൽ ഇരിക്കേണ്ടത്; വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

എങ്ങനെയാണ് ഇരുചക്ര വാഹനങ്ങളിൽ ഇരിക്കേണ്ടതെന്ന് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ചെറുതോ വലുതോ ഹ്രസ്വമോ ദീർഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഇന്ന് ഇരുചക്രവാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ, ഇരുചക്ര വാഹനങ്ങളിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പലർക്കും അറിയില്ല.

മറ്റു വാഹനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിൽ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹന സീറ്റുകൾ. പുറംതാങ്ങിയും കൈത്താങ്ങിയും ബെൽറ്റും സ്ഥാനക്രമീകരണ സംവിധാനങ്ങളുമില്ല. സ്വകാര്യാവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. വാഹനങ്ങൾ വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവുകൾ നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.

എർഗണോമിക്സ്

1) കണ്ണുകൾ

റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക

2) തോളുകൾ

ആയാസരഹിതമായി വച്ച് നടു നിവർത്തി ഇരിക്കുക

3) കൈമുട്ടുകൾ

ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക

4) കൈകൾ

പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധം പിടിയ്ക്കുക

5) ഇടുപ്പ്

സ്റ്റിയറിംഗ് ഹാൻഡിലും പെഡലുകളും അനായാസം പ്രവർത്തിപ്പിക്കാൻ പാകത്തിൽ ആയാസരഹിതമായി വയ്ക്കുക

6) കാൽമുട്ടുകൾ

വാഹനത്തിന്റെ ബാലൻസ് നിലനിർത്താൻ പാകത്തിൽ, ഫ്യുവൽ ടാങ്കിനോട് ചേർത്ത് വയ്ക്കുക

7) പാദങ്ങൾ

പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റിൽ അത്യാവശ്യം അമർത്തി കാൽപ്പാദം മുൻപിലേയ്ക്കായി മുൻഅഗ്രങ്ങൾ (Toes) ബ്രേക്ക്, ഗിയർ പെഡലുകളിൽ ലഘുവായി അമർത്തി വയ്ക്കുക.

മറ്റുതരം വാഹനങ്ങളിലും ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലൻസ് നിലനിർത്താൻ പാകത്തിൽ ശരീരഭാഗങ്ങൾ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുൻപിലേയ്ക്കോ പുറകിലേയ്ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക.