ടാറ്റൂ കുത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം അറിഞ്ഞിരിക്കണം

ഇപ്പോഴത്തെ പ്രധാന ട്രെന്റുകളിലൊന്നാണ് ശരീരത്തിൽ ടാറ്റു കുത്തൽ. ടാറ്റൂ കുത്തുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്. ടാറ്റൂ ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങൾക്ക് പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. ശരീരത്തിൽ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെയും ബാധിക്കാനിടയുണ്ട്.

ടാറ്റൂ കുത്താൻ തീരുമാനിച്ചാൽ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാൻ ശ്രദ്ധിക്കണം. ലൈസെൻസഡ് ടാറ്റൂ വിദഗ്ധർ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാ(dermis)ണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവർ നിർദേശിച്ച പരിചരണരീതി പിന്തുടരണം.

ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതിൽ ശ്രദ്ധ നൽകണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോൾ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും. തുടർന്ന് ചർമം പഴയരൂപത്തിലാവും. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരും ടാറ്റൂ ചെയ്യും മുൻപ് ഡോക്ടറോട് അഭിപ്രായം തേടണം.